ആശയവിനിമയം

ജോര്‍ജ്ജ് ഓര്‍വെല്‍


എറിക് ആര്‍തര്‍ ബ്ലെയര്‍

ജനനം എറിക് ആര്‍തര്‍ ബ്ലെയര്‍
25 ജൂണ്‍ 1903(1903-06-25)
മോത്തിഹാരി, ബിഹാര്‍, ഇന്‍ഡ്യ
മരണം ജനുവരി 21 1950 (aged 46)
ലണ്ടണ്‍, ഇംഗ്ലണ്‍ട്
തൂലികാനാമം ജോര്‍ജ് ഓര്‍വെല്‍
തൊഴില്‍ എഴുത്തുകാരന്‍; ഗ്രന്ഥകര്‍ത്താവ്, പത്രപ്രവര്‍ത്തകന്‍
Notable work(s) കറ്റലോണിയക്ക് സ്മരണാഞ്ജലി (1938)
ആനിമല്‍ ഫാം (1945)
ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിനാല് (1949)

ജോര്‍ജ്ജ് ഓര്‍വെല്‍ എന്ന തൂലികാ നാമത്തില്‍ പ്രശസ്തനായ എറിക്ക് ആര്‍തര്‍ ബ്ലെയര്‍ (ജൂണ്‍ 25, 1903 - ജനുവരി 21, 1950)[1][2] ഒരു ബ്രിട്ടീഷ് പത്രപ്രവര്‍ത്തകനും രാഷ്ട്രീയ ലേഖകനും നോവലിസ്റ്റും സാമൂഹിക നിരീക്ഷകനും ആയിരുന്നു. എല്ലാത്തരത്തിലുമുള്ള അധികാരസ്ഥാനങ്ങളോടുമുള്ള വെറുപ്പാണ് അദ്ദേഹത്തിന്റെ രചനകളുടെ മുഖമുദ്ര. ഇരുപതാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് ഭാഷാ ലേഖകന്മാരില്‍ പ്രമുഖനായിരുന്ന ഓര്‍‌വെലിന്റെ രചനകളില്‍ സമൂഹസ്ഥിതിയുടെ കാച്ചിക്കുറുക്കിയ അനേകം ചിത്രീകരണങ്ങളുണ്ട്. ഏകാധിപത്യത്തെ വിമര്‍ശിച്ചെഴുതിയ 1984, ആനിമല്‍ ഫാം എന്നീ നോവലുകളുടെ പേരിലാണ് ഓര്‍‌വെല്‍ കൂടുതലും അറിയപ്പെടുന്നത്. ഇവ രണ്ടും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാനകാലത്ത് പ്രസിദ്ധീകരിച്ചവയാണ്.

ഉള്ളടക്കം

[തിരുത്തുക] ജീവിതരേഖ

[തിരുത്തുക] ആദ്യകാലം

ഇന്ത്യയിലെ ബിഹാറിലെ മോത്തിഹാരിയില്‍ റിച്ചാര്‍ഡ് വാല്‍മെസ്ലി ബ്ലെയര്‍‍-ഇഡാ മേബല്‍ ബ്ലെയര്‍ ദമ്പതികളുടെ [3]മകനായി 1903 ജൂണ്‍ 25-ന് എറിക് ആര്‍തര്‍ ബ്ലെയര്‍ ജനിച്ചു. അന്ന് മോത്തിഹാരി ബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാള്‍ പ്രസിഡന്‍സിയുടെ ഭാഗമായിരുന്നു. ബ്രിട്ടീഷ് ഇന്ത്യന്‍ സിവില്‍ സര്‍വീസില്‍ കറുപ്പിന്റെ (Opium) കാര്യങ്ങള്‍ നോക്കിയിരുന്ന വകുപ്പിലെ ഒരുദ്യോഗസ്ഥനായിരുന്നു അച്ഛന്‍ റിച്ചാര്‍ഡ് വാല്‍മെസ്ലി ബ്ലെയര്‍. അമ്മ ബര്‍മ്മയില്‍ ഉഹക്കച്ചവടത്തിലേര്‍പ്പെട്ടിരുന്ന ഒരു ഫ്രഞ്ചുകാരന്റെ മകളും. ഒരു വയസ്സുള്ളപ്പോള്‍ തന്നെ അമ്മ ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോയതുകൊണ്ട് ഒന്‍പതുവയസ്സാകുന്നതുവരെ എറിക്കിന്റെ ജീവിതത്തില്‍ പിതാവിന്റെ പങ്ക് കാര്യമായി ഇല്ലായിരുന്നു. അഞ്ചു വയസ്സിന് മൂത്തതും (മാര്‍ജറി) ഇളയതുമായ (ആവ്രില്‍) രണ്ട് സഹോദരിമാരുണ്ടായിരുന്നു. എറിക്കിന്റെ മുതുമുത്തച്ഛന്‍ ജമൈക്കയില്‍ സമ്പന്നനായ തോട്ടമുടമയും മുത്തച്ഛന്‍ പുരോഹിതനും ആയിരുന്നു. ഉപരിമദ്ധ്യവര്‍ഗ്ഗത്തിന്റെ കീഴ്ത്തട്ടിലായിരുന്നു തന്റെ കുടുംബം എന്നാണ് ഓര്‍വല്‍ പറഞ്ഞിട്ടുള്ളത്.[4]

[തിരുത്തുക] വിദ്യാഭ്യാസം

ആറുവയസുള്ളപ്പോള്‍ ഇടവക സ്കൂളില്‍ ചേര്‍ന്ന എറിക്ക് അദ്ധ്യാപകരുടെ മതിപ്പുനേടി. മകന് ഒരു നല്ല പബ്ലിക്ക് സ്കൂള്‍ വിദ്യാഭ്യാസം ലഭിക്കാന്‍ അമ്മ ആഗ്രഹിച്ചെങ്കിലും കുടുംബത്തിന്റെ അപ്പോഴത്തെ സാമ്പത്തികസ്ഥിതിയില്‍ സ്കോളര്‍ഷിപ്പില്ലാതെ അത് സാധിക്കുമായിരുന്നില്ല. അമ്മയുടെ സഹോദരന്റെ നിര്‍ദ്ദേശമനുസരിച്ച് സസക്സിലെ ഈസ്റ്റ്ബേണ്‍ എന്ന സ്ഥലത്തെ സെയിന്റ് സിപ്രിയന്‍ സ്കൂളില്‍ ചേര്‍ന്നു. പഠനച്ചെലവിന്റെ പകുതിവരുന്ന തുക സ്കോളര്‍ഷിപ്പായി കിട്ടാന്‍ അവിടത്തെ പ്രധാനാദ്ധ്യാപകന്‍ സഹായിച്ചു. അവിടത്തെ പഠനത്തിനിടെ അദ്ദേഹം എഴുതിയ രണ്ടു കവിതകള്‍ ഒരു പ്രാദേശിക പത്രം പ്രസിദ്ധീകരിച്ചു. ഈ സ്കൂളില്‍ വച്ചാണ് പിന്നീട് ഹൊറൈസന്‍ മാസികയുടെ പത്രാധിപരെന്ന നിലയില്‍ തന്റെ പല ലേഖനങ്ങളും പ്രസിദ്ധീകരിച്ച സിറില്‍ കോണലിയുമായി ഓര്‍വെല്‍ സൗഹൃദത്തിലായത്. ഹാരോ സ്കൂളിന്റെ ചരിത്രവിജ്ഞാനമത്സരത്തില്‍ പങ്കെടുത്ത ഓര്‍‌വെല്‍ രണ്ടാം സ്ഥാനം നേടിയപ്പോള്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കിയത് കോണലി ആയിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം ഒരു ലേഖനത്തില്‍ ഓര്‍വെല്‍ സിപ്രിയന്‍ സ്കൂളിനെ പരിഹാസപൂര്‍വം പരാമര്‍ശിക്കുന്നുണ്ട്.

അക്കാലത്തെ ഓര്‍വെലിന്റെ ലേഖനങ്ങള്‍ അധ്യാപകരില്‍ മതിപ്പുളവാക്കിയതിനാല്‍ അദ്ദേഹത്തിന് വെല്ലിങ്ങ്‌ടന്‍, ഈറ്റണ്‍ എന്നീ കലാശാലകളിലേക്ക് സ്കോളര്‍ഷിപ്പ് ലഭിച്ചു. വെല്ലിങ്ങ്‌ടണില്‍ ഒരു ടേം പഠനം കഴിഞ്ഞ് ഓര്‍വെല്‍ ഈറ്റണിലേക്ക് മാറി. അവിടെ അദ്ദേഹം രാജാവിന്റെ സ്കോളര്‍ഷിപ്പ് വാങ്ങിയാണ് പഠിച്ചത്. അല്‍ഡസ് ഹക്സ്‌ലി ആയിരുന്നു അവിടെ ഓര്‍വെലിന്റെ ഫ്രഞ്ച് അദ്ധ്യാപകന്‍. കുട്ടികള്‍ക്ക് ഏറെ സ്വാതന്ത്ര്യം അനുവദിച്ചിരുന്ന ഈറ്റണില്‍ താന്‍ താരതമ്യേന സന്തുഷ്ടനായിരുന്നു എന്നാണ് ഓര്‍വെല്‍ പിന്നീട് എഴുതിയത്. എന്നാല്‍ അവിടെവച്ച് അദ്ദേഹം തന്റെ പഠനത്തെ ഗൗരവമായി കാണുന്നത് മതിയാക്കിയെന്നാണ് അക്കാലത്തെ പഠന റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. ഇതിന് പല കാരണങ്ങളും പറയുന്നുണ്ട്. ഏതായാലും മകന്റെ അപ്പോഴത്തെ പഠനനിവാരംവച്ച് പുതിയൊരു സ്കോളര്‍ഷിപ്പ് കിട്ടി ഉപരിപഠനം നടത്തുക അസാധ്യമാണെന്ന് മനസ്സിലാക്കിയ മാതാപിതാക്കള്‍ ഓര്‍വെല്‍ ഇന്‍ഡ്യന്‍ ഇമ്പീരിയല്‍ പോലീസില്‍ ചേരുന്നതാണ് നല്ലതെന്ന് തീരുമാനിച്ചു. ഇതിന് ഒരു പ്രവേശനപ്പരീക്ഷ പാസ്സാകേണ്ടിയിയിരുന്നു. ഇതിനുള്ള തയ്യാറെടുപ്പിനായി ഒരു പരിശീലന ക്ലാസ്സില്‍ ചേര്‍ന്ന് ഓര്‍വെല്‍, ക്ലാസ്സിക്കുകളിലും ഇംഗ്ലീഷിലും ചരിത്രത്തിലും മറ്റുമുള്ള അറിവു വിപുലമാക്കി. പ്രവേശനപ്പരീക്ഷയില്‍ ഏഴാമനായി ജയിക്കാന് ഇത് അദ്ദേഹത്തെ സഹായിച്ചു.

[തിരുത്തുക] ബര്‍മ്മ, ആദ്യകാലനോവലുകള്‍

ഓര്‍വെലിന്റെ മുത്തശ്ശിയും കുടുംബവും ബര്‍മ്മയില്‍ ഉണ്ടായതിനാല്‍ തന്റെ ആദ്യനിയമനം അവിടേക്ക് തിരഞ്ഞെടുത്തു. അങ്ങനെ 1922 ഒക്ടോബറില്‍ ഇന്‍ഡ്യന്‍ ഇമ്പീരിയല്‍ പോലീസിന്‍ ചേരാനായി സൂയസ് കനാല്‍ കടന്ന് സിലോണ്‍ വഴി അദ്ദേഹം ബര്‍മ്മയിലേക്ക് യാത്രചെയ്തു. ഒരു മാസം കൊണ്ട് റങ്കൂണിലെത്തി അവിടെനിന്ന് പോലീസ് പരിശീലന സ്കൂള്‍ സ്ഥിതിചെയ്തിരുന്ന മണ്‍‍ഡലേയിലേക്ക് പോയി. പരിശീലനത്തിനു ശേഷം ആദ്യത്തെ ഹ്രസ്വകാലനിയമനം ബര്‍മ്മയിലെ പ്രധാന സുഖവാസകേന്ദ്രമായ മായ്മ്യോയില്‍ ആയിരുന്നു. അതിനുശേഷം 1924-ന്റെ തുടക്കത്തില്‍ ഉള്‍നാടന്‍ പ്രദേശമായ മയൗങ്ങ്‌മായില്‍ നിയമനം ലഭിച്ചു.

ഇമ്പീരിയല്‍ പോലീസിലെ ജോലി ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ നിറഞ്ഞതായിരുന്നു. ഏതാണ്ട് രണ്ടുലക്ഷം പേരുടെ സുരക്ഷയുടെ ഉത്തരവാദിത്തത്തോടെ അദ്ദേഹം ത്വാണ്ടേ എന്ന സ്ഥലത്തെ സബ് ഡിവിഷനല്‍ ഓഫീസറായി നിയമിതനായി. 1924 അവസാനം ജില്ലാ പോലീസ് സൂപ്രണ്ടിന്റെ പദവിയില്‍ റങ്കൂണിനടുത്തുള്ള സിരിയമിലും 1925 സെപ്റ്റംബറില്‍ ബര്‍മ്മയിലെ രണ്ടാമത്തെ വലിയ ജയില്‍ സ്ഥിതിചെയ്തിരുന്ന ഇന്‍സീനിലും നിയമനം ലഭിച്ചു. ഇടക്ക് മുത്തശ്ശിയും മറ്റും ജീവിച്ചിരുന്ന മോള്‍മീനിലായിരുന്നു. തുടര്‍ന്ന് നിയമനം കിട്ടിയ കാട്ടാ എന്ന സ്ഥലത്ത് വച്ച് അദ്ദേഹത്തിന് ഡെങ്കിപ്പനി പിടിപെട്ടതിനെത്തുടര്‍ന്ന് 1927-ല്‍ അവധിയില്‍ ഇംഗ്ലണ്ടിലേക്ക് തിരിച്ചു. അവധിയിലായിരിക്കെ, ജീവിതം പുനരവലോകനം ചെയ്ത ഓര്‍വെല്‍ എഴുത്തുകാരനാകാന്‍ തീരുമാനിച്ച്, ഇന്‍ഡ്യന്‍ ഇമ്പീരിയല്‍ പോലീസിലെ ജോലി രാജിവെച്ചു.[1]

ഇമ്പീരിയല്‍ പോലീസിലെ അനുഭവത്തിന്റെ ഫലമാണ് 1934-ല്‍ എഴുതിയ ബര്‍മ്മയിലെ ദിനങ്ങള്‍ എന്ന നോവല്‍. 1931-ല്‍ എഴുതിയ ഒരു തൂക്കിക്കൊല, 1936-ലെ ഷൂട്ടിങ്ങ് ആന്‍ എലിഫന്റ് എന്നീ ലേഖനങ്ങളിലും ബര്‍മ്മയിലെ അനുഭവങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്.

ലണ്ടണില്‍ ഒരു കുടുംബസുഹൃത്ത് വഴി വാടകക്കെടുത്ത മുറിയില്‍ താമസിച്ച് അദ്ദേഹം എഴുത്തു തുടങ്ങി. അതേസമയം ഓര്‍വെല്‍, താന്‍ ഉള്‍പെട്ട മദ്ധ്യവര്‍ഗ്ഗത്തിന്റെ മനോഭാവങ്ങളേയും മാന്യതകളേയും വകവെക്കാതെ, ഭവനരഹിതരായി അലഞ്ഞുതിരിയുന്നവരുടെ രീതികള്‍ അനുകരിച്ച് അത്തരക്കാര്‍ കേന്ദ്രീകരിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ അവരിലൊരാളായി ചുറ്റിത്തിരിയാനും തുടങ്ങി. അങ്ങനെ നേടിയ അനുഭവങ്ങളുടെ ചിത്രീകരണമാണ് ആദ്യം വെളിച്ചം കണ്ട ലേഖനമായ ദി സ്പൈക്ക് എന്നത്. 1933-ല്‍ പ്രസിദ്ധീകരിച്ച ഡൗണ്‍ ആന്‍ഡ് ഔട്ട് ഇന്‍ പാരിസ് ആന്‍ഡ് എന്ന പുസ്തകത്തിന്റ ഒരു ഭാഗവും അക്കാലത്തെ അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.

ഓര്‍വെലിന്റെ നെല്ലി എന്നു പേരുള്ള അമ്മായി പാരിസില്‍ ജീവിച്ചിരിന്നു. 1928-ല്‍ ഓര്‍വെല്‍ പാരിസിലേക്കു പോയത് രചനകളില്‍ നിന്ന് ജീവിതച്ചെലവിനുള്ള വക ഉണ്ടാക്കാമെന്ന പ്രതീക്ഷയിലാണ്. ആ പ്രതീക്ഷ സഫലമാകാതെ വന്നതിനാല്‍ 1929-ല്‍ പാരീസിലെ ഹോട്ടലില്‍ പാത്രം കഴുകുന്ന ജോലിയും മറ്റും ചെയ്യേണ്ട സ്ഥിതിയിലായി അദ്ദേഹം. പാരീസിലെ ആ ജീവിതത്തിന്റെ അനുഭവങ്ങളും ഡൗണ്‍ ആന്‍ഡ് ഔട്ട് ഇന്‍ പാരിസ് ആന്‍ഡ് ലണ്ടണ്‍ എന്ന കൃതിയില്‍ വര്‍ണ്ണിക്കുന്നുണ്ട്.

1929 അവസാനം ഓര്‍‌വെല്‍ ഇംഗ്ലണ്ടില്‍ മടങ്ങിയെത്തി മാതാപിതാക്കന്മാരുടെ വസതിയില്‍ താമസമാക്കി. അവിടെ താമസിക്കുമ്പോഴാണ് ബര്‍മ്മയിലെ നാളുകള്‍ എന്ന പുസ്തകം എഴുതിയത്. അതോടൊപ്പം തന്നെ, സമൂഹത്തിലെ ഏറ്റവും താഴത്തെ നിലയിലുള്ളവരെക്കുറിച്ചുള്ള ഒരു പുസ്തകത്തിനുവേണ്ടിയുള്ള ഗവേഷണത്തിനായി അലഞ്ഞുതിരിയാനും തുടങ്ങി. ഒപ്പം ജോണ്‍ മിഡില്‍ട്ടണ്‍ മുറേയുടെ ന്യൂ അഡെല്‍ഫി എന്ന മാസികയില്‍ എഴുതുന്നുമുണ്ടായിരുന്നു.

ഡൗണ്‍ ആന്‍ഡ് ഔട്ട് ഇന്‍ പാരിസ് ആന്‍ഡ് ലണ്ടണ്‍ 1932-ല്‍ പൂര്‍ത്തിയായി. അടുത്ത വര്‍ഷം നടന്ന അതിന്റെ പ്രസിദ്ധീകരണത്തിന് തൊട്ടുമുന്‍പാണ് ജോര്‍ജ്ജ് ഓര്‍‌വെല്‍ എന്ന പേര് സ്വീകരിച്ചത്. അലഞ്ഞുതിരിയുന്ന കാലത്ത് ഉപയോഗിച്ച പി.എസ്. ബര്‍ട്ടണ്‍ എന്നപേരിനൊപ്പം കെന്നെത്ത് മൈല്‍സ്, ജോര്‍ജ്ജ് ഓര്‍‌വെല്‍, എച്ച്. ലൂയീസ് ആള്‍‌വേയ്സ് എന്നീ പേരുകളും തന്റെ ലിറ്റററി ഏജന്റിന് നിര്‍ദ്ദേശിച്ചിട്ട് അവയിലൊന്ന് തൂലികാനാമമായി തെരഞ്ഞെടുക്കുവാന്‍ അയാളോട് ആവശ്യപ്പെടുകയാണ് ഓര്‍‌വെല്‍ ചെയ്തത്.[5]

ഡൗണ്‍ ആന്‍ഡ് ഔട്ട് ഇന്‍ പാരിസ് ആന്‍ഡ് ലണ്ടണ്‍ പ്രസിദ്ധീകരിച്ച സമയത്ത് ഓര്‍വെല്‍ മിഡില്‍സെക്സിലെ ഒരു കോളേജില്‍ പഠിപ്പിക്കുന്നുണ്ടായിരുന്നു. കടുത്ത ദാരിദ്ര്യത്തില്‍ നിന്ന് രക്ഷപെടാനായാണ് ആ ജോലി ഏറ്റെടുത്തത്. 1934-ല്‍ രോഗവും മാതാപിതാക്കന്മാരുടെ നിര്‍ബ്ബന്ധവും എല്ലാം മൂലം അദ്ദേഹം ആ ജോലി ഉപേക്ഷിച്ചു. 1935-ല്‍ പ്രസിദ്ധീകരിച്ച പുരോഹിതന്റെ പുത്രി എന്ന നോവല്‍, അദ്ധ്യാപനജീവിതത്തിലേയും മാതാപിതാക്കന്മാരുടെ വീട്ടില്‍ താമസിക്കുന്നകാലത്തേയും അനുഭവങ്ങള്‍ ഉള്‍‍ക്കൊള്ളുന്നു. 1934 അവസാനം മുതല്‍ 1936-ന്റെ തുടക്കം വരെ ഹാംസ്റ്റീഡിലെ, ഉപയോഗിച്ച പഴയ പുസ്തകങ്ങള്‍ വില്‍ക്കുന്ന പുസ്തകപ്രേമിയുടെ മൂല എന്ന കടയില്‍ അദ്ദേഹം സഹായി ആയി ജോലി ചെയ്യുന്നുണ്ടായിരുന്നു. ഒറ്റപ്പെട്ട ഏകാന്ത ജീവിതത്തിനിടെ പുതിയ എഴുത്തുകാരുമായുള്ള സൗഹൃദം അദ്ദേഹം ആഗ്രഹിച്ചു. ഹാംസ്റ്റീഡ് ബൗദ്ധികവ്യാപാരങ്ങള്‍ക്ക് സൗകര്യമുള്ള സ്ഥലമായിരുന്നു. ചെലവുകുറഞ്ഞ താമസസ്ഥലങ്ങളും അവിടെ ലഭ്യമായിരുന്നു. അവിടത്തെ അനുഭവങ്ങളാണ് 1936-ല്‍ എഴുതിയ അസ്പിഡിസ്ത്രാ ജയിക്കട്ടെ (Keep the Aspidistra flying)എന്ന നോവലില്‍.

[തിരുത്തുക] വിഗന്‍ കടവിലേക്കുള്ള വഴി

1936 ആദ്യം, ഇടതുപക്ഷ പുസ്തകസംഘം ജോര്‍ജ്ജ് ഓര്‍‍‌വെലിനെ സാമ്പത്തികമായി പിന്നോക്കം നിന്ന വടക്കന്‍ ഇംഗ്ലണ്ടിലെ തൊഴിലാളികളുടെ ദരിദ്രാവസ്ഥയുടെ കഥ എഴുതാന്‍ ചുമതലപ്പെടുത്തി. വിഗന്‍ കടവിലേക്കുള്ള വഴി എന്ന വിവരണം 1937-ല്‍ പ്രസിദ്ധീകൃതമായി. ഇതിനായി, ഒരു സാമൂഹ്യലേഖകന്‍ ചെയ്യേണ്ട ഊരുചുറ്റലും ഗൃഹപാഠവും ഒക്കെ ഓര്‍‌വെലിന് ചെയ്യേണ്ടിവന്നു: വിഗനിലെ വീടുകള്‍ സന്ദര്‍ശിച്ച് അദ്ദേഹം ജനങ്ങളുടെ ജീവിതസാഹചര്യങ്ങള്‍ മനസ്സിലാക്കുകയു താമസസൗകര്യം വേതനം എന്നിവയെക്കുറിച്ച് വിശദമായ കുറിപ്പുകളെടുക്കുകയും ചെയ്തു. കൂടാതെ, പൊതുഗ്രന്ഥാലയത്തില്‍ ദിവസങ്ങള്‍ ചെലവിട്ട്, പൊതുജനാരോഗ്യത്തേയും ഖനികളിലെ ജോലി സാഹചര്യങ്ങളേയും സംബന്ധിച്ച രേഖകള്‍ വിശദമായി പഠിച്ചു.

വിഗന്‍ കടവിലേക്കുള്ള വഴിയുടെ ആദ്യഭാഗം ലങ്കാഷയര്‍, യോര്‍ക്ക്‌ഷയര്‍ എന്നിവിടങ്ങളിലെ സാമൂഹ്യാവസ്ഥയുടെ വിവരണമാണ്. കല്‍ക്കരിഖനികളിലെ ജീവിതത്തിന്റെ ഹൃദയസ്പര്‍‍ശിയായ വിവരണത്തോടെയാണ് ആ ഭാഗം തുടങ്ങുന്നത്. പുസ്തകത്തിന്റെ രണ്ടാം ഭാഗം ഓര്‍‌വെലിന്റെ തന്നെ ബാല്യത്തിന്റെ വിവരണവും അദ്ദേഹത്തിന്റെ രാഷ്ട്രീയമനസ്സക്ഷിയുടെ വികാസചരിത്രവുമാണ്. ഇടതുപക്ഷത്തെ തന്നെ ഉത്തരവാദിത്വമില്ലാതെ പെരുമാറുന്ന വിഭാഗങ്ങളുടെ വിമര്‍ശനവും ഈ ഭാഗത്തുണ്ട്. ഈ വിമര്‍ശനം ഇടതുപക്ഷ വായനക്കാരുടെ അപ്രീതി ആകര്‍‍ഷിച്ചെങ്കിലോ എന്നു ഭയന്ന പ്രസാധകന്‍, ഇടതുപക്ഷത്തെ സമാധാനിപ്പിക്കാന്‍ പോന്ന ഒരു ആമുഖം ചേര്‍‍ത്താണ് പുസ്തകം ഇറക്കിയത്.‍

വിഗന്‍ കടവിലേക്കുള്ള വഴിക്കു വേണ്ടിയുള്ള ഗവേഷണം പൂര്‍ത്തിയാക്കിയ ഉടനെയാണ് ഓര്‍‌വെല്‍ എലീന്‍ ഓ ഷൗനെസ്സിയെ വിവാഹം ചെയ്തു.

[തിരുത്തുക] സ്പാനിഷ് ആഭ്യന്തരയുദ്ധം, കറ്റലോണിയ

ഫ്രാന്‍സിസ്കോ ഫ്രാങ്കോയുടെ ഫാസിസ്റ്റ് കലാപത്തെതുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട സ്പാനിഷ് ആഭ്യന്തരയുദ്ധത്തില്‍, റിപ്പബ്ലിക്കന്‍ പക്ഷത്തെ പോരാളിയായി ഓര്‍വെല്‍ 1936-ല്‍ സ്പെയിനിലേക്കു പോയി. ഫാസിസത്തെ എങ്ങനേയും ചെറുത്തേ മതിയാവൂ എന്ന് അദ്ദേഹം അക്കാലത്തെ ഒരഭിമുഖത്തില്‍ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ അഭാവത്തില്‍ ജനാധിപത്യം അര്‍ത്ഥശൂന്യമാണെന്ന് ഓര്‍വെല്‍ അഭിപ്രായപ്പെട്ടു. കലാകാരന്റെ സ്വാതന്ത്ര്യത്തിന് അദ്ദേഹം പ്രത്യേകം ഊന്നല്‍ കൊടുത്തു. ജീര്‍ണ്ണിച്ചതെന്ന് അദ്ദേഹം കരുതിയ മുതലാളിത്ത സംസ്കാരത്തേക്കാള്‍ അപകടകാരിയാണ് ഫാസിസമെന്നായിരുന്നു ഓര്‍വെലിന്റെ പക്ഷം. [6] അത്, ധാര്‍മ്മികദൃഷ്ടിയില്‍ നോക്കുമ്പോള്‍ മഹാദുരന്തമായിരിക്കുമെന്ന് അദ്ദേഹം കരുതി.

സ്പാനിഷ് ആഭ്യന്തര യുദ്ധത്തെക്കുറിച്ച് ഒരു ഗ്രന്ഥം എഴുതുകയെന്നതും സ്പെയിനിലേക്കുള്ള യാത്രയുടെ ലക്ഷ്യങ്ങളില്‍ ഒന്നായിരുന്നു. എന്നാല്‍ പ്രധാന ലക്ഷ്യം ഫാസിസത്തെ ചെറുക്കുകയെന്നതാണെന്ന് ഓര്‍‌വെല്‍ പറഞ്ഞു. ആദ്യം അദ്ദേഹം ഒറ്റക്കാണ് പോയത്. ഭാര്യ എലീന്‍ പിന്നീട് ഒപ്പമെത്തി. സ്പെയിനിലെ ഐക്യ മാര്‍ക്സിസ്റ്റ് തൊഴിലാളി കക്ഷിയുടെ സേനാവിഭാഗത്തില്‍ ചേര്‍ന്ന ഏതാണ്ട് 25-ഓളം വരുന്ന ബിട്ടീഷ് ഇടതുപക്ഷാനുഭാവികള്‍ക്കൊപ്പമയിരുന്നു അദ്ദേഹം. ഐക്യ മാര്‍ക്സിസ്റ്റ് തൊഴിലാളി കക്ഷി, സ്പെയിനില്‍ കറ്റലോണിയയിലെ പ്രധാന ഇടതുപക്ഷ അരാജകവാദി ശക്തിയായ സി.എന്‍.റ്റി-യിലെ ഒരു തീവ്രവിഭാഗമായിരുന്നു. മുതലാളിത്തത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതു വഴി മാത്രമേ ഫ്രാങ്കോയെ പരാജയപ്പെടുത്താനാകൂ എന്ന് ഈ വിഭാഗം കരുതി. ഈ നിലപാട്, ഫാസിസ്റ്റ് ദേശീയതയെ പരാജയപ്പെടുത്താന്‍ ബൂര്‍ഷ്വാ കക്ഷികളടക്കം ആരേയും കൂട്ടുപിടിക്കുന്നതില്‍ തെറ്റില്ലെന്ന് കരുതിയ സ്പാനിഷ് കമ്മ്യൂണിസ്റ്റ് കക്ഷിയുടെ നിലപാടില്‍ നിന്ന് വ്യത്യസ്തമായിരുന്നു. 1936 ജൂലൈക്ക് ശേഷം, സി.എന്‍.റ്റിയുടെ ശക്തികേന്ദ്രങ്ങളായിരുന്ന കറ്റലോണിയ, അരഗോണ്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വലിയ സാമൂഹ്യ പരിവര്‍ത്തനങ്ങള്‍ അരങ്ങേറി. അതിന്റെ പിന്നിലുള്ള സമത്വബോധത്തെ ഓര്‍വെല്‍, കറ്റലോണിയക്ക് സ്മരണാഞ്ജലി എന്ന കൃതിയില്‍ അനുഭാവപൂര്‍വം ചിത്രീകരിക്കുന്നുണ്ട്.

സ്പെയിനിലെ ആഭ്യന്തരയുദ്ധത്തില്‍ ഓര്‍വെല്‍ പങ്കെടുത്തത് മുഖ്യ കമ്മ്യൂണിസ്റ്റ് സൈന്യത്തിനൊപ്പമാകാതെ ഐക്യ മാര്‍ക്സിസ്റ്റ് തൊഴിലാളി കക്ഷിക്കൊപ്പമായി എന്നത് ആകസ്മികം മാത്രമായിരുന്നു. എന്നാല്‍ യുദ്ധരംഗത്തെ അനുഭവങ്ങള്‍, പ്രത്യേകിച്ച് 1937 ജൂണില്‍ കമ്മ്യൂണിസ്റ്റുകാര്‍ ബാഴ്സിലോണയില്‍ നടത്തിയ ഒരു 'ശുദ്ധീകരണയജ്ഞ'ത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപെട്ടതിനുശേഷം അദ്ദേഹം തൊഴിലാളി കക്ഷിയോട് കൂടുതല്‍ അടുത്തു. ഇതോടെ ഓര്‍വെല്‍, സ്റ്റാലിനിസത്തിന്റെ അജീവാനാന്തശത്രുവായി മാറി. ചര്‍ച്ചാ സ്വാതന്ത്ര്യവും തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങളും ഉള്ള ജനാധിപത്യസോഷ്യലിസത്തിന് വേണ്ടി അദ്ദേഹം നിലകൊണ്ടു.

യുദ്ധത്തില്‍ കഴുത്തില്‍ വെടിയേറ്റ ഓര്‍വെല്‍ മിക്കവാറും മരിച്ചെന്നു തന്നെ പറയാം. സംസാരശേഷി നശിച്ച് അസുഖകരമായ ഒരു പിറുപിറുക്കല്‍ പോലെയാകുമെന്ന് അദ്ദേഹം ആദ്യം ഭയപ്പെന്നു. അതുണ്ടായില്ലെങ്കിലും‍ പരിക്ക് അദ്ദേഹത്തിന്റെ സ്വരത്തിന്റെ മട്ട് മാറ്റി. തുടര്‍ന്ന്, പരിക്ക് ഭേദമാകമാകുവോളം, അരവര്‍ഷക്കാലം, ഓര്‍വെലും എലീനും മൊറോക്കോയില്‍ താമസിച്ചു. ആ സമയത്താണ് ഓര്‍വെല്‍ രണ്ടാം ലോകമഹായുദ്ധത്തിന് മുന്‍പിറങ്ങിയ അവസാനത്തെ നോവലായ കമിങ്ങ് അപ്പ് ഫോര്‍ ഏയര്‍ എഴുതിയത്. ഓര്‍വെലിന്റെ നോവലുകളില്‍ ഏറ്റവും കൂടുതല്‍ ഇംഗ്ലീഷ് ചുവയുള്ളത് അതിനാണ്. വരാനിരുന്ന യുദ്ധത്തിന്റെ നിഴലും പ്രധാന കഥാപാത്രമായ ജോര്‍ജ്ജ് ബൗളിങ്ങിന്റെ തേംസ് നദീതീരപശ്ചാത്തലത്തിലെ സുന്ദരമായ ഗ്രാമീണബാല്യാനുഭവങ്ങളും അതില്‍ ഇഴചേര്‍ന്നിരിക്കുന്നു. നോവലിന്റെ ഭാവം അശുഭാപ്തി വിശ്വാസമാണ്. പഴയ ഇംഗ്ലണ്ടിന്റെ നന്മയെല്ലാം വ്യവസായങ്ങളും മുതലാളിത്തവും ചേര്‍ന്ന് നശിപ്പിച്ചിരിക്കുന്നതായും രാജ്യത്തിന് പല പുറംഭീഷണികളും ഉടലെടുത്തിരിക്കുന്നതായും അതില്‍ ചിത്രീകരിച്ചിരിക്കുന്നു. "ഇത്തിരി തമാശക്കുവേണ്ടി ആളുകളെ കുരിശില്‍ തറക്കുകയും തലവെട്ടിക്കളയുകയും മാത്രം ചെയ്തിരുന്ന പഴയ സ്വേഛാധിപതികളില്‍ നിന്നും ഭിന്നരാണ് ഹിറ്റ്ലറും ജോസഫ് സ്റ്റാലിനും. അവരെപ്പോലെയുള്ളവരെക്കുറിച്ച് മുന്‍കാലങ്ങളില്‍ കേട്ടുകേള്‍വി പോലും ഉണ്ടായിരുന്നില്ല എന്ന് അദ്ദേഹം എഴുതി.

[തിരുത്തുക] രണ്ടാം ലോകമാഹായുദ്ധം, ആനിമല്‍ ഫാം

സ്പെയിനിലെ അനുഭവങ്ങളിലൂടെ കടന്നുപോവുകയും അതിനെക്കുറിച്ച് എഴുതുകയും ചെയ്തതോടെ, ഓര്‍വെലിന്റെ കല പക്വമായി. ലേഖനങ്ങളടക്കമുള്ള അദ്ദേഹത്തിന്റെ ഒന്നാംകിട രചനകളും പ്രശസ്തിയും ഒക്കെ അതിനുശേഷമാണ് വന്നത്. 1940-ല്‍ ഓര്‍വെല്‍ മദ്ധ്യലണ്ടണില്‍ ഒരു പുതിയ വീട്ടിലേക്ക് താമസം മാറ്റി. ന്യൂ ഇംഗ്ലീഷ് വീക്ക്‌ലി, റ്റൈം ആന്‍ഡ് റ്റൈഡ്, ന്യൂ സ്റ്റേറ്റ്സ്മാന്‍ എന്നീ പ്രസിദ്ധീകരണങ്ങളില്‍ എഴുതി കിട്ടുന്ന വരുമാനം ആയിരുന്നു അന്ന് അദ്ദേഹത്തിന് ആശ്രയം. രണ്ടാം ലോകമഹായുദ്ധം തുടങ്ങിയപ്പോള്‍ ഹോം ഗാര്‍ഡില്‍ അംഗമായ ഓര്‍വെലിന് പ്രശസ്തസേവനത്തിനുള്ള മേഡലുകള്‍ ലഭിച്ചു. റ്റോം വിന്‍ട്രിങ്ങാമിന്റെ ഹോം ഗാര്‍ഡ് സ്കൂളില്‍ ചേര്‍ന്ന അദ്ദേഹം സോഷ്യലിസ്റ്റ് മാതൃകയിലുള്ള ഹോം ഗാര്‍ഡ് എന്ന വിന്‍ട്രിങ്ങാമിന്റെ ആശയത്തെ പിന്തുണച്ചു.

1941-ല്‍ ഓര്‍വെല്‍ ബി.ബി.സിയുടെ പൗരസ്ത്യ രാജ്യങ്ങള്‍ക്കായുള്ള പ്രക്ഷേപണവിഭാഗത്തില്‍ ചേര്‍ന്നു. ജപ്പാനീസ് ആക്രമണത്തിനെതിരെ ഇന്ത്യയെ സജ്ജമാക്കാനുദ്ദേശിച്ചുള്ള പ്രക്ഷേപണങ്ങളുടെ മേല്‍നോട്ടമായിരുന്നു അദ്ദേഹത്തിന്. വൃത്തികെട്ട ചെരുപ്പു കൊണ്ട് ചവിട്ടി അരക്കപ്പെടുന്ന ഓറഞ്ച് ആയിരിക്കുന്നതുപോലെയാണ് ഒരു പ്രചാരകന്‍ ആയിരുന്നപ്പോള്‍ തനിക്കനുഭവപ്പെട്ടതെന്ന് ഓര്‍വെല്‍ പിന്നീട് എഴുതി. എന്നാലും, ടി.എസ്. എലിയറ്റ്, ഇ.എം. ഫോസ്റ്റര്‍, മുല്‍ക്ക് രാജ് ആനന്ദ്, വില്യം എമ്പ്‌സണ്‍ എന്നിവരോടടുത്ത് ജോലി ചെയ്യാനായ ആ അവസരത്തില്‍ അദ്ദേഹം പ്രവര്‍ത്തനനിരതനായിരുന്നു. ലണ്ടന്‍ സര്‍വകലാശാലയിലെ സെനറ്റ് കെട്ടിടത്തില്‍ നിന്ന് പ്രവര്‍ത്തിച്ച യുദ്ധകാല വാര്‍ത്താവിതരണ വകുപ്പാണ്, ആയിരത്തിതൊള്ളായിരത്തി എണ്‍പത്തിനാല് എന്ന നോവലിലെ സത്യകാര്യമന്ത്രാലയം എന്ന സങ്കല്പത്തിന് പ്രചോദനമായത്.

ഇന്ത്യയെ ഉദ്ദേശിച്ചുള്ള ബി.ബി.സി. പ്രക്ഷേപണം അധികം ഇന്ത്യക്കാരൊന്നും ശ്രവിക്കുന്നുണ്ടാകുന്നില്ല എന്ന സംശയം ഓര്‍വെലിന് തുടക്കത്തിലേ ഉണ്ടായിരുന്നു. ആ സംശയം സ്ഥിരീകരിക്കുന്ന ഒരു റിപ്പോര്‍ട്ട് അദ്ദേഹത്തിന് കിട്ടി. അതും, ഒരു യുദ്ധലേഖകന്‍ ആകണമെന്നുള്ള അദ്ദേഹത്തിന്റെ ആഗ്രഹവും എല്ലാം, നല്ല ശമ്പളം കിട്ടിയിരുന്ന ബി.ബി.സി. ജോലി രാജിവക്കാന്‍ അദ്ദേഹത്തിന് പ്രേരണയായി. ആനിമല്‍ ഫാം എഴുതിത്തുടങ്ങാന്‍ അദ്ദേഹത്തിന് തിരക്കായിരുന്നതും മറ്റൊരു കാരണമായിരുന്നു. 1943 നവമ്പറില്‍ അദ്ദേഹം ട്രിബ്യൂണ്‍ എന്ന ഇടതുപക്ഷ പ്രസിദ്ധീകരണത്തിന്റെ സാഹിത്യ സമ്പാദകനായി നിയമിക്കപ്പെട്ടു. 1945-ന്റെ തുടക്കം വരെ അദ്ദേഹം ട്രിബ്യൂണില്‍ തുടര്‍ന്നു. "എന്റെ ഇഷ്ടം പോലെ" (As I Please) എന്നായിരുന്നു അതില്‍ അദ്ദേഹം എഴുതിയിരുന്ന പംക്തിയുടെ പേര്. യുദ്ധാവസാനസമയത്ത് വിദേശത്തു നിന്ന് ലണ്ടണില്‍ മടങ്ങിയെത്തിയ ആന്തണി പൗവ്വലും മാല്‍ക്കം മഗറിജ്ജും ഓര്‍വെലിന്റെ അടുത്ത സുഹൃത്തുക്കളായി മാറി.

1944-ലാണ് ഓര്‌വെല്‍ സ്റ്റാലിനിസത്തെ വിമര്ശിക്കുന്ന ആനിമല്‍ ഫാം എന്ന കഥ എഴുതി തീര്‍ത്തത്. ആദ്യം‍ ബ്രിട്ടണില്‍ പ്രസിദ്ധീകരിക്കപ്പെട്ട ആ കൃതിയെ വായനക്കാരും വിമര്‍ശകരും ഒരുപോലെ പുകഴ്ത്തി. ആ സമയത്ത്, അമേരിക്കയിലെ പുസ്തക പ്രസിദ്ധീകരണ സ്ഥാപനമായ ഹാര്‍കോര്‍ട്ട് ബ്രേസിന്റെ പ്രസാധകന്‍ ഫ്രാങ്ക് മോര്‍ളി പുസ്തകവായനക്കാരുടെ താത്പര്യങ്ങള്‍ എന്തൊക്കെയാണെന്ന് അന്വേഷിച്ചറിയാനായി ബ്രിട്ടണിലെത്തി. കേംബ്രിഡ്ജിലെ പുസ്തക കടയായ ബൗസ് ആന്‍ഡ് ബൗസില്‍ ആളുകള്‍, മുഴുവന്‍ പ്രതികളും വിറ്റുതീര്‍ന്നുകഴിഞ്ഞിരുന്ന ഒരു പുസ്തകം തിരക്കി വരുന്നതാണ് മോര്‍ളി കണ്ടത്. ആനിമല്‍ ഫാമിന്റെ രണ്ടാം പതിപ്പായിരുന്നു ആ പുസ്തകം. കടയില്‍ അവശേഷിച്ചിരുന്ന ഒരു പ്രതി വായിച്ച മോര്‍ളി നേരേ ലണ്ടണില്‍ പോയി പുസ്തകം അമേരിക്കയില്‍ പ്രസിദ്ധീകരിക്കാനുള്ള അവകാശം വാങ്ങിയെടുത്തു. അങ്ങനെ കിട്ടിയ റോയല്‍റ്റി ആയിരുന്നു ഓര്‍വെലിന്റെ ആദ്യത്തെ കാര്യമായ വരുമാനം.

ആനിമല്‍ ഫാം പ്രസിദ്ധീകൃതമായപ്പോള്‍ രണ്ടാം ലോകമഹായുദ്ധം അന്ത്യത്തോടടുക്കുകയായിരുന്നു. സംഭവവികാസങ്ങളുടെ നടുക്കായിരിക്കാന്‍ ഓര്‍വെലിന് തിടുക്കമായി. യുദ്ധലേഖകനായി ഫ്രാന്‍സിന്റെ വിമോചനവും ജര്‍മ്മനിയുടെ അധിനിവേശത്തിന്റെ തുടക്കവും റിപ്പോര്‍ട്ട് ചെയ്യാന്‍ ഒബ്സര്‍വര്‍ പത്രത്തിന്റെ എഡിറ്റര്‍ ഡേവിഡ് ആസ്റ്റര്‍‍ ആവശ്യപ്പെട്ടപ്പോള്‍ ട്രിബ്യൂണിലെ ജോലി ഓര്‍വെല്‍ ‍രാജിവച്ചു.

ഓര്‍‌വെലും ആസ്റ്ററും സുഹൃത്തുക്കളായിരുന്നു. അസ്പിഡിസ്ത്രാ ജയിക്കട്ടെ എന്ന കൃതിയിലെ പ്രസിദ്ധീകരണമുതലാളിയുടെ മാതൃക ആസ്റ്റര്‍ ആണെന്ന് കരുതപ്പെടുന്നു. ആസ്റ്ററുടെ പ്രസാധനനയങ്ങളില്‍ ഓര്‍വെലിന്റെ ശക്തമായ സ്വാധീനം പ്രകടമായിരുന്നു. 2001-ലാണ് ആസ്റ്റര്‍ മരിച്ചത്. അദ്ദേഹത്തെ സംസ്കരിച്ചത് ഓര്‍വെലിന്റെ ശവകുടീരത്തിനടുത്താണ്.

[തിരുത്തുക] 1984 - അവസാനവര്‍ഷങ്ങള്‍

ഇതിനിടെ ഓര്‍വെല്‍ ദമ്പതികള്‍ ഒരാണ്‍കുട്ടിയെ ദത്തെടുത്തു. 1944 ല്‍ ജനിച്ച റിച്ചാര്‍ഡ് ഹോറേഷ്യോ ബ്ലെയര്‍ ആയിരുന്നു ആ കുട്ടി. 1945-ല്‍ അദ്ദേഹം ജര്‍മ്മനിയിലെ കൊളോണില്‍ വച്ച് രോഗബാധിതനായി. ആ സമയത്തു തന്നെ ഭാര്യ എലീന്‍ ഇംഗ്ലണ്ടിലെ ന്യൂകാസിലില്‍ ട്യൂമര്‍ നീക്കം ചെയ്യാനുള്ള ഒരു ശസ്ത്രക്രിയയെ തുടര്‍ന്ന് മരിച്ചു. ശസ്ത്രക്രിയയെ നിസ്സാരമായെടുക്കുകയും അതിനായി അധികം പണം ചെലവാക്കുന്നത് ഒഴിവാക്കണമെന്ന ആഗ്രഹിക്കുകയും ചെയ്തതുമൂലം, അവര്‍ അസുഖത്തിന്റെ കാര്യം ഓര്‍വെലിനെ അറിയിച്ചിരുന്നുപോലുമില്ല.

അടുത്ത നാലു വര്‍ഷത്തേക്ക് ഓര്‍വെല്‍‍ പത്രമാസികകളിലെ ലേഖനമെഴുത്തിനൊപ്പം 1949-ല്‍ പ്രസിദ്ധീകരിച്ച ഏറ്റവും പ്രധാനകൃതിയായ ആയിരത്തിതൊള്ളായിരത്തി എണ്‍പത്തിനാലിന്റെ രചനയിലും മുഴുകി. ലേഖനങ്ങള്‍ ഏറെയും പ്രസിദ്ധീകരിച്ചത് ട്രിബ്യൂണ്‍, ഒബ്സര്‌വര്‍, മാഞ്ചസ്റ്റര്‍ സായാഹ്നവാര്‍ത്ത എന്നീ പത്രങ്ങളിലും കുറച്ചുമാത്രം പ്രചാരമുണ്ടായിരുന്ന ചില രാഷ്ട്രീയ-സാഹിത്യ ആനുകാലികങ്ങളിലും ആയിരുന്നു. 1984 എന്ന നോവലിന് ആദ്യം അദ്ദേഹം യൂറോപ്പിലെ അവസാനത്തെ മനുഷ്യന്‍ എന്ന പേരും പരിഗണിച്ചിരുന്നു. എന്നാല്‍ ഓര്‌വെലിന്റെ പ്രസാധകനായ ഫ്രെഡെറിക് വാര്‍ബര്‍ഗ്ഗിന് അതിഷ്ടമായില്ല. പിന്നെ, 1980 എന്ന പേരും തുടര്‍ന്ന് 1982 എന്ന പേരും പരിഗണിച്ചു. എന്നാല്‍ ഓര്‍വെലിന്റെ രോഗം മൂലം പ്രസിദ്ധീകരണം നീണ്ടുപോയതിനാല്‍ ഒടുവില്‍ കൃതി പ്രസിദ്ധീകരിച്ചത് 1984 എന്ന പേരിലാണ്.[7]

ഓര്‍വെല്‍ ആ നോവല്‍ ഏറെയും എഴുതിയത് സ്കോട്ട്ലണ്ടിന്റെ പടിഞ്ഞാറെ തീരത്തെ ജൂറാ ദ്വീപിലുള്ള ബാണ്‍ഹില്‍ എന്ന ഉപേക്ഷിക്കപ്പെട്ട ഉള്‍നാടല്‍ കൃഷിയിടത്തില്‍ താമസിച്ചാണ്.[8] അവിടെ തുടങ്ങി, കൃഷിയിടത്തിന്റെ ഉടമസ്ഥയായ മാരഗരറ്റ് ഫ്ലെച്ചര്‍ താമസിച്ചിരുന്ന ആര്‍ഡ്‌ലൂസ്സാ എന്ന സ്ഥലത്തു ചെന്നവസാനിച്ചിരുന്ന എട്ടു കിലോമീറ്റര്‍ പാത ആയിരുന്നു ദ്വീപില്‍ ആകെയുണ്ടായിരുന്ന വഴി.

1948-ല്‍ ഓര്‍വെല്‍ റെയ്നാള്‍ഡ് റെയ്നോള്‍ഡിനോട് ചേര്‍ന്ന് ബ്രിട്ടണിലെ പ്രചാരണസാഹിത്യകാരന്മാര്‍ എന്ന സമാഹാരം പ്രസിദ്ധീകരിച്ചു.

1949 ഒക്ടോബരില്‍, മരണത്തിന് കുറച്ചു കാലം മുന്‍പ് ഓര്‍വെല്‍ സോണിയ ബ്രൗണ്‍വെല്ലിനെ വിവാഹം കഴിച്ചു.[9]

[തിരുത്തുക] വ്യക്തിജീവിതം

മകനെ ഇന്ത്യയില്‍ നിന്ന് ഇംഗ്ലണ്ടിലേക്ക് കൊണ്ടുവന്നതിന് ശേഷം, 1905-ല്‍ ഓര്‍വെലിന്റെ അമ്മ തേംസിന്റെ തീരത്ത് ഹെന്‍ലിയില്‍ താമസമാക്കി. ഓര്‍വലിന്റെ വളര്‍ത്തലില്‍ മിക്കവാറും ഇംഗ്ലണ്ടില്‍ തന്നെയായിരുന്ന പിതാവിന് കാര്യമായ പങ്കൊന്നുമുണ്ടായിരുന്നില്ല. അമ്മക്കും സഹോദരിമാര്‍ക്കുമൊപ്പമാണ് അദ്ദേഹം വളര്‍ന്നത്. 1905-ലെ അമ്മയുടെ ഡയറി, സജ്ജീവമായ ഒരു സാമൂഹ്യജീവിതവും കലാപരമായ താത്പര്യങ്ങളും പ്രതിഫലിപ്പിക്കുന്നുണ്ട്. ഒന്നാം ലോകമഹായുദ്ധത്തിന് മുന്‍പ് അവര്‍ ഷിപ്‌ലേക്ക് എന്ന സ്ഥലത്തേക്ക് താമസം മാറി. അവിടെ ഓര്‍വെല്‍ ബുഡ്ഡിക്കോം കുടുംബവുമായി, പ്രത്യേകിച്ച് അവിടത്തെ ജസീന്ത എന്ന പെണ്‍കുട്ടിയുമായി, സൗഹൃദത്തിലായി. ജസീന്തയുടെ ഏറിക്കും ഞങ്ങളും ഓര്‍വെലിന്റെ ബാല്യത്തെക്കുറിച്ച് വിവരം നല്‍കുന്ന ഒരു സ്വതന്ത്രരചനയാണ്. അവര്‍ ആദ്യം കണ്ടുമുട്ടിപ്പോള്‍ ഓര്‍വെല്‍ ഒരു പറമ്പില്‍, ശീര്‍ഷാസനത്തില്‍ നില്‍ക്കുകയായിരുന്നത്രെ. "ഒരാള്‍ നേരേ നില്‍ക്കുമ്പോളെന്നതിനേക്കാള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുക തലകുത്തിനില്‍ക്കുമ്പോഴാണ്" എന്ന് ഓര്‍വെല്‍ വിശദീകരിച്ചതായി അവര്‍ പറയുന്നു. അവരൊന്നിച്ച് കവിതകള്‍ വായിക്കുകയും എഴുതുകയും മറ്റു ബൗദ്ധിക സാഹസങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. എച്ച്.ജി. വെല്‍സിന്റെ നവീന യുട്ടോപ്പിയയുടെ മാതൃകയില്‍ ഒരു പുസ്തകം താന്‍ എഴുതിയേക്കുമെന്ന് ഓര്‍വെല്‍ ജസീന്തയോട് പറഞ്ഞു. അതേസമയം അദ്ദേഹം ജസീന്തയുടെ സഹോദരനും സഹോദരിക്കുമൊപ്പം ഷൂട്ടിങ്ങ്, മീന്‍പിടിത്തം, പക്ഷി നിരീക്ഷണം എന്നീ വിനോദങ്ങളിലും താത്പര്യപൂര്‍വം ഏര്‍പ്പെട്ടു..[10]

ജോര്‍ജ്ജ് ഓര്‍വെലും സിറില്‍ കോണലിയും ഈറ്റണിലെ സെന്റ് സിപ്രിയന്‍ സ്കൂളില്‍ ഒരേ സമയത്ത് പഠിച്ചവരാണെങ്കിലും അവിടെ വച്ച് അവര്‍ തമ്മില്‍ അക്കാലത്ത് സംസാരിച്ചിട്ടുതന്നെയില്ല. കോണലിയുടെ വാഗ്ദാനത്തിന്റെ ശത്രുക്കള്‍'(Enemies of Promise)[11] എന്ന രചന ബാലനായ ഓര്‍വെലിനെക്കുറിച്ച് ഒരു വിവരണം നല്‍കുന്നുണ്ട്. കോണലിയും ഓര്‍വെലും പിന്നീട് സുഹൃത്തുക്കളായി. പഴയസഹപാഠിയെ ലണ്ടണിലെ സാഹിത്യ കൂട്ടായ്മകളില്‍ പരിചയപ്പെടുത്തിയത് കോണലിയാണ്. സെന്റ് സിപ്രിയനില്‍ സ്കോളര്‍ഷിപ്പ് നേടാനായി രാപ്പകല്‍ നരകിച്ച് പഠിക്കാന്‍ താന്‍ നിര്‍ബ്ബന്ധിക്കപ്പെട്ടു എന്ന് ഓര്‍വെല്‍ പരാതി പറഞ്ഞു. എന്നാല്‍, വിദ്യാര്‍ത്ഥിയെന്ന നിലയില്‍ താന്‍ തീര്‍ത്തും അസന്തുഷ്ടനായിരുന്നു എന്ന് അന്നത്തെ സന്തോഷങ്ങള്‍ അതൊക്കെയായിരുന്നു (Such and such were the Joys) എന്ന കൃതിയില്‍ ഓര്‍വെല്‍ നടത്തുന്ന അവകാശവാദം ജസീന്ത ബുഡ്ഡിക്കോം തള്ളിക്കളയുന്നു. ഓര്‍വെല്‍ വളരെ സന്തുഷ്ടനായ ഒരു ബാലനായിരുന്നു എന്നാണ് അവരുടെ നിലപാട്. അതേസമയം‍, വലിയൊരു സുഹൃദ്‌വൃന്ദത്തെ ആഗ്രഹിക്കാതിരുന്ന ഒറ്റയാന്‍ കുട്ടിയായിരുന്നു ഓര്‍വെല്‍ എന്ന് അവരും സമ്മതിക്കുന്നു. ഓര്‍വെല്‍ ബര്‍മ്മയിലേക്ക് പോയി അധികം താമസിയാതെ, ജസീന്തയും ഓര്‍വെലും തമ്മില്‍ ആശയവിനിമയം നിലച്ചു. ബര്‍മ്മയിലെ ജീവിതത്തിലെ ബുദ്ധിമുട്ടുകള്‍ വിവരിച്ച് ഓര്‍വെല്‍ എഴുതിയ കത്തുകള്‍ വായിച്ച് നീരസം തോന്നിയ അവര്‍ മറുപടി എഴുതുന്നത് നിര്‍ത്തുകയാണുണ്ടായത്.[10]

രചനയുടെ ലോകത്ത് നിലയുറപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ വലിയ കഷ്ടപ്പാടുകളിലൂടെ ഓര്‍വെല്‍ കടന്നുപോയിട്ടുണ്ട്. ബര്‍മ്മയലെ ജോലി ഉപേക്ഷിച്ച് ഇംഗ്ലണ്ടില്‍ മടങ്ങിയെത്തിയ ഉടനേയുള്ള ശീതകാലത്ത് തണുപ്പകറ്റാനുള്ള സം‌വിധാനമൊന്നുമില്ലാത്ത ഒരു മുറിയില്‍ കയ്യില്‍ പണമൊന്നുമില്ലാതെ എഴുത്തില്‍ ശ്രദ്ധയൂന്നി അദ്ദേഹം കഴിയുന്നത് കണ്ടവര്‍ക്ക്, നല്ലൊരു ജോലിയുണ്ടായിരുന്നത് കളഞ്ഞിട്ട്, വലിയ എഴുത്തുകാരനാകുന്നത് സ്വപ്നം കണ്ടു നടക്കുന്ന കിറുക്കുപിടിച്ച ചെറുപ്പക്കാരനായാണ് അദ്ദേഹമെന്ന് തോന്നിയിരിക്കണം. എന്നാല്‍ പ്രതിഭയും, ധൈര്യവും, രോഗത്തേയും ദാരിദ്ര്യത്തേയും തോല്പിക്കാന്‍പോന്ന നിശ്ചയദാര്‍ഢ്യവും ഉണ്ടായിരുന്ന ഓര്‍വെല്‍ ഒടുവില്‍ ഇംഗ്ലീഷ് ഭാഷയിലെ ഗദ്യരചനയുടെ ഒന്നാംകിട നായകന്മാരില്‍ ഒരാളായി അംഗീകാരം നേടി. [12]

വിഗന്‍ കടവിലേക്കുള്ള വഴി എന്ന കൃതിയില്‍ ഓര്‍വെല്‍ അലഞ്ഞുതിരിയലിനേയും ദാരിദ്ര്യത്തേയും കുറിച്ച് ഇങ്ങനെ എഴുതി:-

ദാരിദ്ര്യമെന്നു കേള്‍ക്കുമ്പോള്‍ എനിക്ക് ഓര്‍മ്മ വരുന്നത് അസഹ്യമായ വിശപ്പാണ്. അതുകൊണ്ട് എന്റെ മനസ്സ് സമൂഹം പുറംതള്ളിയ കടുത്ത മാതൃകകളായ തെരുവുതെണ്ടികള്‍, ഭിക്ഷക്കാര്‍, കുറ്റവാളികള്‍, പതിതകള്‍ എന്നിവരെ തേടിപ്പോകുന്നു. ഏറ്റവും താഴേക്കിടയിലുള്ള ഇവരെപ്പോലെയുള്ളവരുമായുള്ള അടുപ്പമാണ് ഞാന്‍ ആഗ്രഹിച്ചത്. അക്കാലത്ത് ഞാന്‍ ഏറ്റവും ഏറെ അന്വേഷിച്ചത്, ബഹുമാന്യതയുടെ ലോകത്തുനിന്ന് പുറത്തുകടക്കാനുള്ള വഴിയാണ്.

ഓര്‍വെലും അദ്ദേഹത്തിന്റെ ആദ്യ പ്രസാധകനായിരുന്ന വിക്തോര്‍ ഗൊല്ലാങ്ക്സും ആയുള്ള ബന്ധം ഊഷ്മളമല്ലായിരുന്നു. അവരുടെ ബന്ധത്തിലെ രണ്ട് സംഭവങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ആദ്യത്തേത്, വിഗന്‍ കടവിലേക്കുള്ള വഴിക്ക് ക്ഷമാപണസ്വരത്തില്‍ പ്രസാധകന്‍ എഴുതിച്ചേര്‍‍ത്ത മുഖവുരയെ ഓര്‍വെല്‍ എതിര്‍ക്കാതിരുന്നതാണ്. രണ്ടാമത്തേത്, ഓര്‍വെല്‍ അഭ്യര്‍ത്ഥിച്ചതനുസരിച്ച്, മറ്റൊരു പ്രസാധകന്‍ മുഖേന കഥാരചനകള്‍ പ്രസിദ്ധീകരിക്കാന്‍ കഴിയത്തക്കവണ്ണം, താനുമായുണ്ടായിരുന്ന കരാറില്‍ നിന്ന് അയാള്‍ ഓര്‍വെലിനെ മുക്തനാക്കിയതാണ്. ആനിമല്‍ ഫാം പ്രസിദ്ധീകരിക്കാന്‍ ഗൊല്ലാങ്ക്സ് വിസമ്മതിച്ചത്, അതിന്റെ പ്രസിദ്ധീകരണത്തെ കാര്യമായി താമസിപ്പിച്ചു. സോവിയറ്റ് പക്ഷപാതിയായിരുന്ന ഗൊല്ലാങ്ക്സിന് ഓര്‍വെലിന്റെ കഥാരചനകളില്‍ താത്പര്യമില്ലായിരുന്നു. ആനിമല്‍ ഫാം രാഷ്ട്രീയ ദൃഷ്ടിയില്‍ ചൂടന്‍ പുസ്തകമാണെന്ന് അദ്ദേഹത്തിന് തോന്നി.

ആദ്യഭാര്യയായിരുന്ന എലീന് ഓര്‍‍വെലിനെ വിവാഹം ചെയ്യുന്നതിനെതിരെ പലരും മുന്നറിയിപ്പ് കൊടുത്തിരുന്നു. ശസ്ത്രക്രിയയെ തുടര്‍ന്നുള്ള അവരുടെ മരണത്തിനുശേഷം ഒരു സുഹൃത്തിനെഴുതിയ കത്തില്‍ ഓര്‍വെല്‍ എലീനെ 'വിശ്വസ്തയായ ഒരു പഴയ വടി' (a faithful old stick) എന്നു വിശേഷിപ്പിച്ചെങ്കിലും അവരോട് അദ്ദേഹത്തിനുണ്ടായിരുന്ന പ്രേമത്തിന്റെ ആഴം വ്യക്തമല്ല. അവരുടെ രോഗാവസ്ഥ അവസാന നാളുകളിലെ ഓര്‍വെലിന്റെ അവിശ്വസ്തതയുടെ കാരണങ്ങളിലൊന്നാകാം. പിന്നീട് വിവാഹാഭ്യര്‍ഥന നടത്തിയ ഒരു സ്ത്രീക്കുള്ള കത്തില്‍ ഓര്‍വെല്‍ ഇങ്ങനെ എഴുതി: "ഞാന്‍ ചിലപ്പോഴൊക്കെ എലീനോട് അവിശ്വസ്തത കാട്ട